ഒരു പതിറ്റാണ്ടിന്റെ രാഷ്ട്രീയ വരൾച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ യു.ഡി.എഫിന് ജനങ്ങൾ ഉജ്ജ്വല ഭൂരിപക്ഷത്തോടെ അധികാരം കൈമാറിയത്. 102 സീറ്റുകളുടെ അതിശയകരമായ ജനവിധി ഒരു സർക്കാരിനുള്ള അനുമതി മാത്രമല്ലായിരുന്നു; തളർന്നുപോയ പ്രതീക്ഷകളുടെ തിരിച്ചുവരവിനായുള്ള ജനങ്ങളുടെ കാത്തിരിപ്പുമായിരുന്നു. എന്നാൽ, ആ വിജയത്തിന്റെ നെറുകയിലിരുന്ന് പോലും മുഖ്യമന്ത്രി ആരെന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി കണ്ടെത്താനാകാതെ കുരുങ്ങിക്കിടക്കുകയാണ് കോൺഗ്രസ് നേതൃത്വം. വിജയത്തിന്റെ മധുരം പോലും അനുഭവിക്കാനാകാതെ അധികാരത്തിന്റെ കസേര ചുറ്റിപ്പറ്റിയുള്ള വടംവലി കേരള രാഷ്ട്രീയത്തെ പരിഹാസ്യത്തിലേക്ക് തള്ളിയിരിക്കുന്നു. ജനാധിപത്യ പാർട്ടികളിൽ ചർച്ചകൾ സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസങ്ങളും നേതൃപരമായ ആലോചനകളും രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
പക്ഷേ, തീരുമാനം എടുക്കേണ്ട സമയത്ത് അനന്തമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് ജനാധിപത്യ സൗന്ദര്യമല്ല; അത് നേതൃത്വ ദൗർബല്യത്തിന്റെ തെളിവാണ്. ഒരു രണ്ടുദിവസം കൊണ്ട് അവസാനിപ്പിക്കാമായിരുന്ന വിഷയത്തെ പതിനൊന്ന് ദിവസമായി നീട്ടിക്കൊണ്ടുപോകുന്നത് രാഷ്ട്രീയ പക്വതയുടെ അഭാവം മാത്രമല്ല, ജനവിധിയോടുള്ള അനാദരവുമാണ്. പത്ത് വർഷം പ്രതിപക്ഷത്ത് കഴിഞ്ഞ ശേഷം ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നത് വെറും രാഷ്ട്രീയ മാറ്റത്തിനായിരുന്നില്ല. ഭരണത്തിൽ പുതിയ ദിശയും കാര്യക്ഷമതയും ജനകീയ ഇടപെടലും പ്രതീക്ഷിച്ചായിരുന്നു ആ പിന്തുണ. എന്നാൽ, ഡൽഹിയിലും തിരുവനന്തപുരത്തുമായി നടക്കുന്ന അധികാരച്ചർച്ചകൾ ആ പ്രതീക്ഷകളെ തകർക്കുകയാണ്. ‘ആരാണ് മുഖ്യമന്ത്രി’ എന്ന ചോദ്യത്തിന് മറുപടി കിട്ടാതെ നിൽക്കുമ്പോൾ ‘എന്താണ് സർക്കാരിന്റെ ദിശ’ എന്ന വലിയ ചോദ്യം പിന്നിലേക്ക് തള്ളപ്പെടുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം കോൺഗ്രസിന് അഭിമാനിക്കാനുള്ളതാണെങ്കിലും ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ഒരിക്കൽ രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച പാർട്ടി ഇന്ന് പല ഇടങ്ങളിലും നിലനിൽപ്പിനായി പൊരുതുകയാണ്. അത്ര വലിയ തിരിച്ചടികൾ ഏറ്റുവാങ്ങിയിട്ടും യാഥാർഥ്യം തിരിച്ചറിയാൻ ദേശീയ നേതൃത്വം തയ്യാറാകുന്നില്ലെന്നതാണ് വലിയ ദുരന്തം.
കാലിന് കീഴിലെ മണ്ണ് ഒഴുകിപ്പോകുമ്പോഴും ഒരു മായാലോകത്തിന്റെ സുരക്ഷിതത്വത്തിൽ ജീവിക്കുന്നതുപോലെയാണ് ഇന്നത്തെ കോൺഗ്രസ് നേതൃത്വം പെരുമാറുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 11 ദിവസം എടുത്ത പാർട്ടി ഇനി മന്ത്രിസഭ രൂപീകരിക്കാൻ എത്രകാലം എടുക്കുമെന്ന ആശങ്ക ജനങ്ങളിൽ സ്വാഭാവികമാണ്. അതിനിടെ തെരുവുകളിലും സോഷ്യൽ മീഡിയയിലും വിഭാഗീയത പരത്തുന്ന നേതാക്കളും അനുയായികളും പാർട്ടിയെ കൂടുതൽ അപമാനിക്കുകയാണ്. കെ.സി, ബി, ആർ.സി. എന്നിങ്ങനെ ഗ്രൂപ്പുകളുടെ ചുരുക്കെഴുത്തുകളിലേക്ക് ചുരുങ്ങിപ്പോയ രാഷ്ട്രീയ സംസ്കാരം കോൺഗ്രസിന്റെ അടിസ്ഥാന ആത്മാവിനെയാണ് തകർക്കുന്നത്. ഈ പാർട്ടി ആരുടെയും കുടുംബസ്വത്തല്ല. ആയിരക്കണക്കിന് നിസ്വാർത്ഥ പ്രവർത്തകരുടെ വിയർപ്പും ത്യാഗവും ജനപിന്തുണയും ചേർന്നാണ് കോൺഗ്രസ് വളർന്നത്.
ആ പ്രസ്ഥാനത്തിന്റെ തണലിൽ വളർന്നവർ തന്നെ ഇന്ന് അതിന്റെ അന്തകരായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അധികാരത്തിനായുള്ള ഈ അമിത ആസക്തിയും സ്ഥാനമോഹവും ഒടുവിൽ ജനവിധിയേയും പ്രവർത്തകരുടെ ആത്മവിശ്വാസത്തേയും അപമാനിക്കുന്നതിലേക്കാണ് നയിക്കുന്നത്. കേരളത്തിന് ഇന്ന് വേണ്ടത് അധികാരത്തിന്റെ കളികൾ അല്ല; ദിശാബോധമുള്ള ഭരണമാണ്. സ്കൂളുകൾ തുറക്കാനിരിക്കുകയാണ്, വിലക്കയറ്റം കഠിനമാകുകയാണ്, വികസന പദ്ധതികൾ തീരുമാനങ്ങൾ കാത്ത് നിൽക്കുകയാണ്. എന്നാൽ ജനങ്ങൾക്കു മുന്നിൽ സർക്കാർ ഇപ്പോഴും രൂപം കൊണ്ടിട്ടില്ല. ജനവിധിയെ ആഘോഷമാക്കേണ്ട നിമിഷം ആശയക്കുഴപ്പത്തിന്റെയും അസ്വസ്ഥതയുടെയും പ്രതീകമായി മാറിയിരിക്കുകയാണ്. വോട്ട് ചെയ്തവരും ചെയ്യാത്തവരുമായ ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഭരണമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ആ ഉത്തരവാദിത്വം മറന്ന് അധികാര കസേരയ്ക്കു ചുറ്റും ഷട്ടിൽ കളിക്കുന്ന നേതൃത്വം ഒടുവിൽ ചരിത്രത്തിന്റെ മുന്നിൽ മറുപടി പറയേണ്ടി വരും. ജനങ്ങൾ നൽകിയ മഹാവിജയം ഒരു മഹാപരാധമായി മാറാതിരിക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം ഇനി എങ്കിലും ഉണരണം. കേരളം ഇന്നും കാത്തിരിക്കുകയാണ് -ഒരു മുഖ്യമന്ത്രിക്കായി മാത്രമല്ല, ഒരു ഭരണത്തിനായി.

