ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഇനിയും നീളുന്നു. കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചിട്ടും രാഹുല്‍ ഗാന്ധി തീരുമാനം അറിയിക്കാത്തതോടെ വിവിധ ഗ്രൂപ്പുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ ഔദ്യോഗിക സൂചന നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഘടകകക്ഷികളോടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പങ്കുവെച്ചിട്ടില്ല. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നടപടികള്‍ കോണ്‍ഗ്രസ് വേഗത്തിലാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള പിന്തുണക്കത്തുകള്‍ എല്ലാ എം.എല്‍.എമാരില്‍ നിന്നും ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.
മുസ്ലിം ലീഗ് എം.എല്‍.എമാര്‍ ഇന്ന് ഉച്ചതിരിഞ്ഞ് എത്തുന്നതില്‍ അസൗകര്യം അറിയിച്ചതായും രാവിലെ ലീഗ് യോഗം ചേരാനിടയുണ്ടെന്നുമാണ് സൂചന. ഇതിനിടെ മൂന്ന് പ്രധാന ഗ്രൂപ്പുകളും അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടുന്നില്ല.
കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി പക്ഷം. എം.എല്‍.എമാരുടെ പിന്തുണയും കേന്ദ്രനേതൃത്വത്തിലെ സ്വാധീനവും തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
അവസാനഘട്ട ചര്‍ച്ചകള്‍ തങ്ങള്‍ക്കു നേട്ടമായെന്നാണ് വി.ഡി സതീശന് അനുകൂലികളും പറയുന്നത്. ജനപിന്തുണയും ഘടകകക്ഷികളുടെ നിലപാടും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് ഇവരുടെ അവകാശവാദം.
അതേസമയം സമവായ സാധ്യതകളിലാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ പ്രതീക്ഷ. സോണിയ ഗാന്ധിയുടെ പിന്തുണ തങ്ങള്‍ക്കനുകൂലമാകുമെന്ന വിശ്വാസവും ആര്.സി ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നു.

