ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ലോകത്തിലെ രണ്ട് വലിയ ശക്തികളായ അമേരിക്കയും ചൈനയും ഏറ്റുമുട്ടലിന്റെ പാതയിലല്ല, സഹകരണത്തിന്റെ വഴിയിലായിരിക്കണമെന്ന് ഷി ജിൻപിങ് വ്യക്തമാക്കി.
ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഷി ജിൻപിങ് നിലപാട് വ്യക്തമാക്കിയത്. ആഗോള തലത്തിൽ വലിയ മാറ്റങ്ങളും അനിശ്ചിതത്വങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒൻപത് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ട്രംപിനെ സ്വാഗതം ചെയ്ത ഷി ജിൻപിങ്, ലോകം മുഴുവൻ യുഎസ്–ചൈന ചർച്ചകൾ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
“ചൈനക്കും അമേരിക്കക്കും പൊതുവായ നിരവധി താൽപര്യങ്ങളുണ്ട്. ഒരാളുടെ വിജയം മറ്റൊരാളുടെ അവസരമാണ്. സഹകരണത്തിൽനിന്ന് നേട്ടങ്ങളും ഏറ്റുമുട്ടലിൽനിന്ന് നഷ്ടങ്ങളുമാണ് ഉണ്ടാകുക. അതിനാൽ നമ്മൾ എതിരാളികളല്ല, പങ്കാളികളായിരിക്കണം,” എന്നാണ് ഷി ജിൻപിങ് പറഞ്ഞത്.
ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലോകത്തിന് കൂടുതൽ സ്ഥിരത നൽകാനും ഇരുരാജ്യങ്ങൾക്കും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ വലിയ രാഷ്ട്രങ്ങൾ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്നതിനുള്ള മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട സമയമാണിതെന്നും ഷി ജിൻപിങ് പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായം തുറക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷയും ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചു.

