Home Internationalകുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു; പല തസ്തികകളും ‘റെഡ് ലിസ്റ്റിൽ’

കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു; പല തസ്തികകളും ‘റെഡ് ലിസ്റ്റിൽ’

by news_desk1
0 comments

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സ്വദേശിവൽക്കരണ നയവും പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യവും മൂലം തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകളെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയാണ് പല ബാങ്കുകളും വായ്പാ നിയന്ത്രണം ശക്തമാക്കുന്നത്.

ചില ബാങ്കുകൾ പ്രവാസികൾക്ക് പുതിയ വായ്പകൾ അനുവദിക്കുന്നത് പൂർണമായും നിർത്തിവെക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പാ തുക അവരുടെ സർവീസ് ആനുകൂല്യത്തിന് തുല്യമോ അതിൽ 20 ശതമാനം കുറവോ ആയിരിക്കണമെന്ന നിബന്ധനയാണ് ബാങ്കുകൾ മുന്നോട്ടുവെക്കുന്നത്.

ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച ശേഷമേ വായ്പ അനുവദിക്കൂ. സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണ നടപടികൾക്കൊപ്പം ഫെബ്രുവരി 28 മുതൽ പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും സ്വകാര്യ മേഖലയെ ബാധിച്ചതായി ബാങ്കുകൾ വിലയിരുത്തുന്നു. ഇതോടെ പ്രവാസികളുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ബാങ്കിംഗ് മേഖലയിലും ശക്തമായി.

സ്വകാര്യ മേഖലയിലെ ചില മേഖലകളിൽ വലിയ തോതിലുള്ള പിരിച്ചുവിടൽ സാധ്യതയുണ്ടെന്ന ക്രെഡിറ്റ് പോളിസി വിഭാഗങ്ങളുടെ റിപ്പോർട്ടുകളാണ് ബാങ്കുകളെ കൂടുതൽ ജാഗ്രതയിലേക്ക് നയിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത ഉയരുന്നതിനാൽ കടുത്ത നിയന്ത്രണ നയമാണ് ബാങ്കുകൾ ഇപ്പോൾ പിന്തുടരുന്നത്.

പുതിയ നടപടികൾ കുവൈത്തിലെ പ്രവാസികളുടെ സാമ്പത്തിക പദ്ധതികളെയും ജീവിതച്ചെലവിനെയും ഗൗരവമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

You may also like