കോതമംഗലം: നേര്യമംഗലം – ഇടുക്കി റോഡിൽ തട്ടേക്കണ്ണി ഓഡിറ്റ് വണ്ണിന് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. എറണാകുളത്തുനിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന ‘കൊച്ചിൻ’ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
പെരുമ്പാവൂർ സ്വദേശികളായ കദീജ (67), റംല (49), ഫർഹാന മറിയം (7), അമീർ (11), അസം സ്വദേശി ബിലാൽ (28), മുരുകൻ (53), മുരിക്കാശേരി സ്വദേശി ഗോഡ്‌വിൻ (20), കരിമ്പൻ സ്വദേശി നോയൽ (21), ചെമ്പകപ്പാറ സ്വദേശി ബിന്ദു ജോയി (52), വാഴത്തോപ്പ് സ്വദേശി മിനി (53), കട്ടപ്പന സ്വദേശി ഹയ (4), കീരിത്തോട് സ്വദേശി അംബിക (42) എന്നിവരാണ് ചികിത്സ തേടിയത്.
അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 41 പേരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോരരികിലേക്ക് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

