Home Nationalജ്യൂസ് പാക്കറ്റിനുള്ളില്‍ മദ്യം? ടെട്രാ പാക്ക് മദ്യവില്‍പ്പനക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍

ജ്യൂസ് പാക്കറ്റിനുള്ളില്‍ മദ്യം? ടെട്രാ പാക്ക് മദ്യവില്‍പ്പനക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍

by news_desk1
0 comments

ന്യൂഡല്‍ഹി: ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളോട് സാമ്യമുള്ള ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വില്‍ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള പാക്കേജിംഗ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും പ്രായപൂര്‍ത്തിയാകാത്തവരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കുമെന്ന ആശങ്ക കോടതി രേഖപ്പെടുത്തി.

ഗ്ലാസ് ബോട്ടിലുകളുടെ ലഭ്യതക്കുറവ് മറികടക്കാന്‍ മദ്യ കമ്പനികള്‍ ബദല്‍ പാക്കേജിംഗ് രീതികളിലേക്ക് നീങ്ങുന്നതിനിടെയാണ് വിഷയം കോടതിയിലെത്തിയത്. മദ്യം ടെട്രാ പാക്കുകളിലും സാഷെകളിലും വില്‍ക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പുകള്‍ക്കും നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ‘കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ്’ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്, ഇത്തരം പാക്കറ്റുകള്‍ പുറമേ നോക്കുമ്പോള്‍ സാധാരണ ജ്യൂസ് പാക്കറ്റുകളെപ്പോലെ തോന്നുന്നതാണെന്നാണ്. പഴങ്ങളുടെ ചിത്രങ്ങളും ആകര്‍ഷകമായ പേരുകളും ഉപയോഗിച്ച് അവതരിപ്പിക്കുന്ന പാക്കുകളില്‍ ഉള്ളടക്കമായി ശക്തമായ മദ്യപാനീയങ്ങളാണ് എത്തുന്നതെന്നും ഇത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

രാജ്യമൊട്ടാകെ ബാധകമായ ഏകീകൃത നയം രൂപീകരിച്ച് ടെട്രാ പാക്കുകളിലെയും സാഷെകളിലെയും മദ്യവില്‍പ്പന നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മദ്യം കുപ്പികളിലാക്കുന്നതിനും വില്‍പ്പനയ്ക്കും വ്യക്തമായ മാനദണ്ഡം വേണമെന്നും, മദ്യമാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന പാക്കേജിംഗില്‍ മാത്രമാകണം വില്‍പ്പനയെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

You may also like