കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പ്രത്യേക പദവി സൃഷ്ടിച്ചാണ് കെ ബി പ്രദീപിന്റെ നിയമനം. ദേവസ്വം വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. ആകെ മൂന്ന് പ്രത്യേക സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അതിൽ ഒരാളാണ് കെ ബി പ്രദീപ്.
2019-ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് കേസിൽ സ്ഥാപനം സംശയത്തിന്റെ നിഴലിലായിരുന്നു. സ്വർണം പൂശുന്നതിനായി ശരിയായ സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2019-ൽ സ്വർണ പാളിയിൽ നിന്ന് സ്വർണം വേർതിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസിന് ഉണ്ടായിരുന്നില്ലെന്നും, പാളികൾ കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി പിന്നീട് തിരികെ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്നും കോടതി കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. 474.9 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായും കോടതി രേഖപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ കേസുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ അഭിഭാഷകനെയാണ് ഇപ്പോൾ ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിച്ചിരിക്കുന്നത്.

