Home Blog25 ലക്ഷം വായ്പയെടുത്ത് 10 ലക്ഷം കണക്കിൽപ്പെടുത്താതെ നൽകാൻ ആവശ്യപ്പെട്ടു; വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴി

25 ലക്ഷം വായ്പയെടുത്ത് 10 ലക്ഷം കണക്കിൽപ്പെടുത്താതെ നൽകാൻ ആവശ്യപ്പെട്ടു; വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴി

by news_desk1
0 comments

കൊച്ചി: മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു. എസ്എൻഡിപി യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്ന് വിഹിതം ആവശ്യപ്പെട്ടുവെന്നാണ് പുതിയ ആരോപണം.

ദീർഘകാലം കുട്ടനാട് യൂണിയൻ ഭാരവാഹിയായിരുന്ന പി.പി. മധുസൂദനനാണ് വിജിലൻസിന് മൊഴി നൽകിയത്. 25 ലക്ഷം രൂപ വായ്പയായി അനുവദിച്ച് അതിൽ 10 ലക്ഷം രൂപ കണക്കിൽപ്പെടുത്താതെ നൽകണമെന്നും ബാക്കി 15 ലക്ഷം രൂപ യൂണിയന് കൈകാര്യം ചെയ്യാമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം മൊഴിയിൽ പറഞ്ഞു.

വ്യക്തിപരമായ ലാഭവും പിന്തുണയ്ക്കുന്ന ആളുകളുടെ പിന്തുണ ഉറപ്പാക്കലുമാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്ന് മധുസൂദനൻ ആരോപിച്ചു. ജന്മദിന പരിപാടിക്കിടെ തന്നെയും യൂണിയൻ സെക്രട്ടറി അജിയെയും വിളിച്ചുവരുത്തി ഇത്തരമൊരു നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

തട്ടിപ്പുസംഘത്തിന് മൈക്രോഫിനാൻസ് വായ്പ അനുവദിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വെള്ളാപ്പള്ളി നടേശൻ അസഭ്യം പറഞ്ഞുവെന്നും മധുസൂദനൻ മൊഴി നൽകി. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് മൂന്ന് ശതമാനം പലിശയ്ക്ക് ലഭിച്ച വായ്പ തുക വകമാറ്റി ചെലവഴിച്ച് 12 ശതമാനം പലിശ ഈടാക്കിയതായും അദ്ദേഹം ആരോപിച്ചു.

മൈക്രോഫിനാൻസ് വായ്പ അനുവദിച്ച വിവിധ ഇടപാടുകളിലെ രേഖകളിൽ വെള്ളാപ്പള്ളി നടേശന്റെ ഒപ്പാണ് ഉള്ളതെന്നും അതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും പി.പി. മധുസൂദനൻ വ്യക്തമാക്കി.

You may also like