ന്യൂഡൽഹി: രാജ്യത്ത് സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി. ഇവർക്ക് ഇന്ധനം ലഭ്യമാക്കാൻ പ്രത്യേക ബൾക്ക് സപ്ലൈ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.
90 ദിവസത്തേക്ക് നിയന്ത്രണം
പൊതുജനങ്ങൾക്ക് ഇന്ധന വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തുടക്കത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും സർക്കാർ തീരുമാനിക്കാം.
റീട്ടെയിൽ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി വൻകിട ഉപഭോക്താക്കൾ വലിയ തോതിൽ ഇന്ധനം വാങ്ങുന്നത് വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. റീട്ടെയിൽ, ബൾക്ക് ഇന്ധന വിലകൾ തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇതിന് പ്രധാന കാരണം.
ഉദാഹരണമായി ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ഡീസൽ ലിറ്ററിന് 95.20 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ബൾക്ക് വിൽപ്പന വില ലിറ്ററിന് 134.50 രൂപയോളമാണ്. ഈ വില വ്യത്യാസം മൂലം വൻകിട സ്ഥാപനങ്ങൾ റീട്ടെയിൽ പമ്പുകളെ ആശ്രയിക്കുന്ന സാഹചര്യം വർധിച്ചതായാണ് സർക്കാർ വിലയിരുത്തുന്നത്.
ഡീസൽ വാങ്ങുന്നതിനും കർശന നിബന്ധനകൾ
പുതിയ ചട്ടങ്ങൾ പ്രകാരം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച പ്രത്യേക പാത്രങ്ങളിലേക്കോ മാത്രമേ ഡീസൽ നൽകുകയുള്ളൂ.
ഒരു ഉപഭോക്താവിനോ ഒരു വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമാണ് അനുവദിക്കുക. ഇത്തരത്തിൽ വാങ്ങുന്ന ഡീസൽ യാതൊരു സാഹചര്യത്തിലും മറിച്ചുവിൽക്കാൻ പാടില്ല.
പുതിയ ഉത്തരവ് പ്രകാരം വ്യവസായ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ ഉപഭോക്താക്കൾ എന്നിവർ റീട്ടെയിൽ പമ്പുകൾക്ക് പകരം അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെയോ സ്വന്തം കൺസ്യൂമർ പമ്പുകളിലൂടെയോ ഇന്ധനം ലഭ്യമാക്കേണ്ടിവരും.

