ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം എം മണി. മന്ത്രി വിവരക്കേട് കൊണ്ടാണ് സംസാരിക്കുന്നതെന്നും വനവുമായി ബന്ധമുള്ള ആളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ? മന്ത്രി വന്യജീവികൾക്ക് ക്ലാസ് എടുക്കട്ടെ. വന്യജീവി ശല്യം ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. ഇവിടെ നിന്നാണ് യുഡിഎഫിന്റെ അഞ്ച് പേർ വിജയിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങൾ മനസിലാക്കാതെ സംസാരിക്കുന്നവരെ മന്ത്രിയാക്കിയിട്ട് എന്ത് കാര്യമാണുള്ളത്” എന്ന് എം എം മണി വിമർശിച്ചു.
കടപ്പുറത്ത് നിന്നുള്ള ഒരാൾക്ക് വനപ്രദേശങ്ങളുടെ യാഥാർത്ഥ്യം എത്രത്തോളം അറിയാമെന്ന് ചോദിച്ചും എം എം മണി പരിഹസിച്ചു.
അതേസമയം, കെ മുരളീധരനെതിരെയും എം എം മണി വിമർശനം ഉന്നയിച്ചു. കെ കരുണാകരന്റെ മകനായതിനാൽ മുരളീധരനിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്റെ 2021-ലെ “എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും” എന്ന പരാമർശം വീണ്ടും ചർച്ചയായ പശ്ചാത്തലത്തിലായിരുന്നു എം എം മണിയുടെ പ്രതികരണം.

