Home Nationalകോൺഗ്രസിന് സുപ്രീം കോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

കോൺഗ്രസിന് സുപ്രീം കോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

by news_desk1
0 comments

ദില്ലി: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മീനാക്ഷി നടരാജന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി ഹാജരായി. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിലെ ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്നും, ഈ കേസിലെ നിരീക്ഷണങ്ങൾ ഭാവിയിൽ സമർപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഹർജിയെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അടുത്ത നടപടിയെക്കുറിച്ച് പാർട്ടിയുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് മീനാക്ഷി നടരാജൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിലും അവർ വിമർശനം ഉന്നയിച്ചു.

അതേസമയം, മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ എംഎൽഎമാരെ ദില്ലിയിൽ എത്തിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം.

മൂന്ന് സീറ്റുകളിലേക്കും ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ നിയമസഭാ കക്ഷി നില പ്രകാരം ഒരു രാജ്യസഭാ സീറ്റ് നേടാനുള്ള അംഗബലം കോൺഗ്രസിനുണ്ടായിരുന്നു. ആ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. എന്നാൽ നാമനിർദേശ പത്രിക തള്ളപ്പെട്ടതിനെ തുടർന്ന് മഹേഷ് കേവാട്ട് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

You may also like