Home Top Storiesആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ

by news_desk1
0 comments

കണ്ണൂർ: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. നിപയും കൊവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥയാണ് ഡോ. കെ. റീനയെന്നും, അതിനാൽ നിലവിലെ സാഹചര്യത്തിൽ അവരെ സ്ഥാനത്തുനിന്ന് മാറ്റരുതായിരുന്നുവെന്നും ശൈലജ അഭിപ്രായപ്പെട്ടു.

കോഴിക്കോട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ നിലവിലെ ആരോഗ്യമന്ത്രി നേരിട്ട് ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും, ജനപ്രതിനിധികളെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഈ ഘട്ടത്തിൽ സർക്കാരിനെ പൂർണമായും കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

ഇതിനിടെ, ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള മാറ്റത്തിൽ ഡോ. കെ. റീനയും അതൃപ്തി പരസ്യമാക്കി. ആരോഗ്യവകുപ്പിന്റെ നടപടി തന്നെ ഞെട്ടിച്ചുവെന്ന് അവർ പ്രതികരിച്ചു. ഉത്തരവ് കണ്ടപ്പോഴാണ് സ്ഥാനമാറ്റ വിവരം അറിയുന്നതെന്നും, ഇത്തരമൊരു തീരുമാനം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പ്രചാരണം തെറ്റാണെന്നും, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ടര ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയതെന്നും ഡോ. റീന വിശദീകരിച്ചു. വളരെ ശാന്തമായ അന്തരീക്ഷത്തിൽ പെട്ടെന്ന് ഒരു ഇടിമിന്നൽ വീണതുപോലെയാണ് ഈ തീരുമാനം അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു.

നിപ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനുമായി ഫോണിൽ സംസാരിച്ച് ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഥാനമാറ്റ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുന്നതെന്നും ഡോ. റീന വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും, താൻ മാറിനിൽക്കണമെന്ന് നേരിട്ട് അറിയിച്ചിരുന്നെങ്കിൽ അതനുസരിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. മുപ്പതര വർഷത്തെ സർവീസിനിടെ ഒരിക്കലും മേലധികാരികളെ ധിക്കരിച്ചിട്ടില്ലെന്നും, സർവീസിൽ തുടരാൻ വേണ്ടി പിടിച്ചുനിൽക്കുന്ന ആളല്ല താനെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ദീർഘകാല സേവനത്തിന് ശേഷം വിരമിക്കൽ ഘട്ടത്തിലേക്ക് എത്തുന്ന ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിക്കരുതെന്നും ഡോ. റീന ആവശ്യപ്പെട്ടു.

You may also like