തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നിരിക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി. പദ്ധതിയുടെ തുടക്കത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീ യാത്രികർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- സൗജന്യ യാത്രയാണെങ്കിലും സാധാരണ ടിക്കറ്റ് എടുക്കുന്നതുപോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ‘0’ രൂപയുടെ ടിക്കറ്റ് നിർബന്ധമായും എടുക്കണം.
- ടിക്കറ്റ് എടുത്ത സ്ഥലത്തിന് ശേഷമാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കിൽ അതിന് മുമ്പ് ഇറങ്ങേണ്ട സാഹചര്യമുണ്ടെങ്കിലും അതുസംബന്ധിച്ച വിവരം കണ്ടക്ടറെ അറിയിക്കണം.
- യാത്രയ്ക്കൊപ്പം 5 മുതൽ 11 വയസ് വരെയുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കണം.
- കൂടെ പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം കണ്ടക്ടറെ അറിയിച്ച് ടിക്കറ്റ് എടുക്കണം.
- പുരുഷന്മാർ ടിക്കറ്റ് എടുക്കുമ്പോൾ കൂടെ സ്ത്രീകളുണ്ടെങ്കിൽ ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് മുൻപ് അത് കണ്ടക്ടറെ അറിയിക്കണം.
- സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നിലവിലുള്ള ഓർഡിനറി യാത്രക്കാരെപ്പോലെ 15 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.
- സ്ത്രീകൾക്ക് സൗജന്യമുള്ള ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.
സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക.
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമില്ല.
സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന ബോർഡും സ്റ്റിക്കറും പതിപ്പിക്കും.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് പ്രകടന പത്രികയിലും ഇത് ഉൾപ്പെടുത്തിയിരുന്നു. മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെയാണ് പദ്ധതി നടപ്പിലാക്കിയത്.

