തെഹ്റാൻ: ഗൾഫ് ഓഫ് ഒമാനിൽ പലാവു പതാകയേന്തിയ വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ സൈന്യം. ഏകദേശം 60 തവണ വാക്കാലുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും കപ്പൽ ക്രൂ അത് അവഗണിച്ചുവെന്നാണ് യുഎസ് സേനയുടെ വിശദീകരണം. എട്ടോളം തവണ ശക്തി പ്രകടനം നടത്തിയിട്ടും കപ്പൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ലെന്നും അവർ അവകാശപ്പെട്ടു.
AT-സെറ്റബെല്ലാ എന്ന കപ്പലിനെ പ്രവർത്തനരഹിതമാക്കുന്നതിനായി എഞ്ചിൻ റൂം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സേന വ്യക്തമാക്കി. ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.
ഉടമസ്ഥാവകാശം മറച്ചുവെച്ച് ഉപരോധം മറികടന്ന് എണ്ണയോ വാതകമോ കടത്താൻ ശ്രമിച്ച ‘ഷാഡോ ഫ്ലീറ്റ്’ കപ്പലിനെയാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ സേനയുടെ വാദം. ഇറാൻ എണ്ണ അനധികൃതമായി കടത്തുകയും നിരവധി തവണ ഉപരോധം മറികടക്കാൻ ശ്രമിക്കുകയും ചെയ്തതായി യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി തവണ കപ്പലിന് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടത്തുന്നതിന് 15 മിനിറ്റ് മുമ്പ് ക്രൂ അംഗങ്ങൾക്ക് എഞ്ചിൻ റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ സമയം അനുവദിച്ചിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു. സിഗ്നൽ ലൈറ്റുകളിലൂടെയും കപ്പലിന് മുകളിലൂടെ പറന്നുമാണ് ആക്രമണത്തിന് മുൻപ് മുന്നറിയിപ്പ് നൽകിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് മുങ്ങിയ ഇന്ത്യൻ പായ്ക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാർ മുംബൈയിലെത്തും. എല്ലാവരും ഇന്ത്യക്കാരാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘർഷ മേഖലയിലേക്ക് നാവികരെ അയയ്ക്കുന്നത് നിയന്ത്രിക്കണമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഡിജി ഷിപ്പിംഗ് നിർദേശം നൽകി. നാവിഗേഷൻ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

