ഡാലസ്: കളിത്തട്ടിലെ ആവേശം ഗാലറിയിലേക്ക് പടരുമ്പോഴും തങ്ങളുടെ വേറിട്ട സംസ്കാരം കൊണ്ട് ഒരിക്കൽക്കൂടി ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ വമ്പന്മാരായ നെതർലൻഡ്‌സിനെതിരെ ജപ്പാൻ ആവേശ സമനില പിടിച്ചതിന് പിന്നാലെയാണ് ഡാലസിലെ സ്റ്റേഡിയത്തെ സാക്ഷിനിർത്തി ആരാധകർ മാതൃകയായത്. കളി കഴിഞ്ഞ് മറ്റ് കാണികൾ മടങ്ങിയപ്പോൾ, ഗാലറിയിൽ അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കവറുകളുമെല്ലാം സ്വന്തമായി പെറുക്കിമാറ്റിയാണ് ജപ്പാന്റെ ‘ബ്ലൂ സമുറായി’ ആരാധകർ കായികലോകത്തിന്റെ മുഴുവൻ കയ്യടിയും നേടിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കഴിഞ്ഞു.
അന്താരാഷ്ട്ര ഫുട്ബോൾ വേദികളിൽ ജപ്പാൻ ആരാധകർ വർഷങ്ങളായി തുടരുന്ന ഈ ശീലം പുറംലോകത്തിന് അത്ഭുതമാണെങ്കിലും അവർക്കിത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശുചിത്വം, പൊതുവിടങ്ങളോടുള്ള ബഹുമാനം, കൂട്ടായ ഉത്തരവാദിത്തം എന്നിവയ്ക്ക് ജാപ്പനീസ് ജീവിതരീതിയിൽ വലിയ പ്രാധാന്യമുണ്ട്. അതിനാൽ തന്നെ ഒരു കളി കാണാൻ പോയാൽ തങ്ങൾ ഇരുന്ന ഇടം പൂർണ്ണമായും വൃത്തിയാക്കി മടങ്ങുക എന്നത് അവർക്ക് ഒരു അസാധാരണ പ്രവൃത്തിയല്ല, മറിച്ച് നിത്യജീവിതചര്യയുടെ ഒരേടാണ്.
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലും ജപ്പാൻ ആരാധകർ ഇതേ രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. അന്ന് ജർമ്മനിയെ അട്ടിമറിച്ച മത്സരത്തിന് ശേഷവും, തങ്ങളുടെ ടീം ഇല്ലാതിരുന്ന ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തിന് ശേഷവും അവർ ഗാലറി വൃത്തിയാക്കി ലോകത്തിന് വലിയ മാതൃക കാണിച്ചിരുന്നു. ആ സുവർണ്ണ ചരിത്രമാണ് ഇപ്പോൾ ഡാലസിലും ആവർത്തിച്ചിരിക്കുന്നത്. കളിക്കളത്തിൽ താരങ്ങൾ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടുമ്പോൾ, ഗാലറിയിലെ തങ്ങളുടെ മാന്യമായ പെരുമാറ്റം കൊണ്ട് ജപ്പാൻ ആരാധകരും ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്.
ഡാലസിൽ നടന്ന ആവേശപ്പോരില്‍ ശക്തരായ നെതർലൻഡ്‌സിനെ 2-2 എന്ന സ്കോറിനാണ് ജപ്പാൻ തളച്ചത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇരുടീമുകളും അതിശക്തമായ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സ് ആദ്യം ലീഡെടുത്തപ്പോൾ ജപ്പാൻ ശക്തമായി തിരിച്ചടിച്ചു. തുടർന്ന് ക്രിസെൻസിയോ സമ്മർവില്ലിലൂടെ ഡച്ച് പട വീണ്ടും ലീഡ് നേടി വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ് ജപ്പാന്റെ വമ്പൻ തിരിച്ചുവരവ് ഉണ്ടായത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഡെയ്ച്ചി കമാഡ ഉഗ്രനൊരു ഹെഡ്ഡറിലൂടെ ജപ്പാന് അർഹിച്ച സമനില സമ്മാനിക്കുകയായിരുന്നു.

