Home Top Storiesഷിഗെല്ല വീണ്ടും ജീവനെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

ഷിഗെല്ല വീണ്ടും ജീവനെടുത്തു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

by news_desk1
0 comments

കോഴിക്കോട്: ഷിഗെല്ല ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് മരണം കവര്‍ന്നത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിനിയായ നിള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച ഒരു സ്ത്രീയ്ക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മൂന്ന് വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ പയ്യോളി സ്വദേശിയായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുറയൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം സംസ്ഥാനത്ത് 110-ല്‍ അധികം പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 പേര്‍ക്കായിരുന്നു രോഗബാധ. 2025-ല്‍ 132 പേര്‍ക്കും, 2024-ല്‍ 121 പേര്‍ക്കും, 2023-ല്‍ 90 പേര്‍ക്കും, 2022-ല്‍ 83 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ജില്ലകളിലേക്ക് രോഗസാന്നിധ്യം വ്യാപിച്ചിട്ടുണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് സാധാരണയായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

You may also like