തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് തിരിച്ചടിയായി കെഎസ്ആർടിസി ഓർഡിനറി സർവീസുകളുടെ കുറവ്. പല റൂട്ടുകളിലും ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ സ്ത്രീ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.
ചില റൂട്ടുകളിൽ ആവശ്യത്തിലധികം ഓർഡിനറി സർവീസുകൾ ഉണ്ടായിരിക്കുമ്പോൾ, മറ്റ് ചില പ്രധാന റൂട്ടുകളിൽ സിറ്റി ഫാസ്റ്റ് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന പാതകളിൽ പോലും ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
വരുമാനം വർധിപ്പിക്കുന്നതിനായി നഗരത്തിലെ തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ സിറ്റി ഫാസ്റ്റ് സർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി സർവീസുകളുടെ ക്രമീകരണത്തിൽ ഉണ്ടായ വീഴ്ചയാണ് പദ്ധതിയുടെ പ്രയോജനം പൂർണമായി ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചത്.
യാത്രക്കാരുടെ പരാതികൾ വർധിച്ചതോടെ സിറ്റി സർവീസുകളുടെ പുനഃക്രമീകരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള 384 സിറ്റി ബസുകളിൽ ഭൂരിഭാഗവും സിറ്റി ഡിപ്പോ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. ഡിപ്പോയിലെ 30 ഇലക്ട്രിക് ബസുകൾ പുനഃക്രമീകരിക്കുകയും ചില സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസുകളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
നിലവിൽ വെള്ളയമ്പലം–വട്ടിയൂർക്കാവ്–വെള്ളനാട് റൂട്ടിൽ ഓർഡിനറി ബസുകളുടെ കുറവുണ്ട്. പേരൂർക്കട റൂട്ടിൽ ആവശ്യത്തിന് ഓർഡിനറി സർവീസുകൾ ഉണ്ടെങ്കിലും, പേയാട്–കാട്ടാക്കട റൂട്ടിലെ തമ്പാനൂരിൽ നിന്ന് ആരംഭിക്കുന്ന ചില സർവീസുകൾ കിഴക്കേക്കോട്ടയിലേക്ക് മാറ്റിയാൽ സ്ത്രീ യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു.
കിഴക്കേക്കോട്ടയിൽ നിന്ന് ബാലരാമപുരം വഴി നെയ്യാറ്റിൻകര, ബാലരാമപുരം–മംഗലത്തുകോണം–വിഴിഞ്ഞം, വെള്ളായണി–കാക്കാമൂല പാതകളിലും ഓർഡിനറി സർവീസുകളുടെ അഭാവം പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
മലയം–മലയിൻകീഴ്, നേമം–മച്ചേൽ, കിഴക്കേക്കോട്ട–വേളി, പേയാട്–വെള്ളനാട്, തിരുവല്ലം–കരുമം, കിഴക്കേക്കോട്ട–ആറ്റുകാൽ–മരുതൂർക്കടവ് ഉൾപ്പെടെയുള്ള റൂട്ടുകളിലും പ്രിയദർശിനി പദ്ധതിക്ക് ആവശ്യമായ ഓർഡിനറി ബസ് സർവീസുകൾ വർധിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

