ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ‘ബേസിക്’ (Basic) ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ. വിമാന യാത്ര കൂടുതൽ ചെലവുകുറഞ്ഞതാക്കുക എന്ന ലക്ഷ്യത്തോടെ ചില അധിക സേവനങ്ങൾ ഒഴിവാക്കിയാണ് പുതിയ ടിക്കറ്റ് വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ ഇക്കോണമി ക്ലാസുകളിലാണ് ഈ പുതിയ നിരക്ക് നിലവിൽ വരുന്നത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിലെ അധിക ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർക്കും വേണ്ടിയാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്.
പുതിയ ‘ബേസിക്’ ഫെയറിലെ പ്രധാന സൗകര്യങ്ങൾ:
- 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം ക്യാബിൻ ബാഗേജും സൗജന്യമായി കൊണ്ടുപോകാം.
- വിമാനത്തിനുള്ളിലെ സൗജന്യ ഭക്ഷണം ലഭിക്കില്ല. എന്നാൽ ചായയോ കാപ്പിയോ സൗജന്യമായി ലഭിക്കും.
- ഭക്ഷണം ആവശ്യമുള്ളവർക്ക് യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് വരെ അധിക തുക നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജെയിൻ, ഡയബറ്റിക് തുടങ്ങിയ ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
വിമാനത്തിന്റെ സമയം മാറുകയോ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയോ ചെയ്താൽ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണം പുതിയ വിമാനത്തിലേക്ക് മാറ്റും. ഭക്ഷണം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ തുക പൂർണമായും തിരികെ നൽകും.
നിലവിലുള്ള Value, Classic, Flex എന്നീ മൂന്ന് കാറ്റഗറികൾക്ക് പുറമെയാണ് ‘Basic’ ഫെയർ എത്തുന്നത്. പഴയ വിഭാഗങ്ങളിലെ സൗജന്യ ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. പുതിയ നിരക്ക് പൂർണമായും ഓപ്ഷണൽ ആണെന്നും നിലവിലെ ടിക്കറ്റ് വിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
നിലവിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കോൺടാക്റ്റ് സെന്റർ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ എന്നിവ ഉൾപ്പെടെയുള്ള നേരിട്ടുള്ള ബുക്കിംഗ് ചാനലുകളിലൂടെ മാത്രമാണ് ‘ബേസിക്’ ടിക്കറ്റുകൾ ലഭ്യമാകുക.
യാത്രക്കാരുടെ പ്രതികരണവും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും ഈ സേവനം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ലഗേജ് കുറവുള്ളവർക്കും വിമാനത്തിലെ ഭക്ഷണ സേവനം ആവശ്യമില്ലാത്തവർക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ഈ പുതിയ ടിക്കറ്റ് വിഭാഗം സഹായകരമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബാഗേജ് പരിധിയും മറ്റ് നിബന്ധനകളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

