തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വലിയൊരു രാഷ്ട്രീയ ആക്ഷേപം ബജറ്റിന്റെ ആമുഖത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബജറ്റിലെ യഥാർത്ഥ അലോക്കേഷനുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും അപകടാവസ്ഥയിലല്ല എന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിൽ 2000 കോടി രൂപയുടെ അധിക വകയിരുത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്ന വാദം വെറും രാഷ്ട്രീയ പ്രേരിതമായ ആക്ഷേപം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭാവി കേരളത്തെ വികസനത്തിലേക്ക് നയിക്കാനുള്ള യാതൊരുവിധ ബ്ലൂ പ്രിന്റും ഈ ബജറ്റിൽ ദൃശ്യമല്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത് അവതരിപ്പിച്ച പല പദ്ധതികളും നിർദ്ദേശങ്ങളും അതേപടി ആവർത്തിക്കുക മാത്രമാണ് പുതിയ യു.ഡി.എഫ് സർക്കാർ ബജറ്റിലൂടെ ചെയ്തിരിക്കുന്നതെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

