Home Keralaവീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല’െന്ന് ജിന്റോ ജോൺ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല’െന്ന് ജിന്റോ ജോൺ

by news_desk1
0 comments

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ലെന്നും, കൂട്ടായ ആലോചന ജനാധിപത്യത്തിൽ മോശം സംസ്കാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് ജിന്റോ ജോണിന്റെ പ്രതികരണം. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരണങ്ങൾക്ക് ചെലവഴിക്കുന്നത് വലിയ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉയർന്ന ബാർകോഴ ആരോപണം സർക്കാരിന്റെ പരാജയത്തിന് കാരണമായ ഘടകങ്ങളിലൊന്നായിരുന്നുവെന്നും ജിന്റോ ജോൺ ഓർമിപ്പിച്ചു. അതേസമയം, അന്നത്തെ ആരോപണങ്ങൾ മറന്ന് അതിന് കാരണമായ രാഷ്ട്രീയ ശക്തികളെ പിന്തുണച്ചവർക്ക് ഇത്തരം വിഷയങ്ങളിൽ വിമർശനം ഉന്നയിക്കാൻ അവകാശമില്ലെന്നും പൊതുജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി, മദ്യം, മണൽ കച്ചവടം എന്നിവയ്ക്ക് അതീതമായ വികസന കാഴ്ചപ്പാടുകളാണ് കേരളത്തിന് ആവശ്യമെന്നും, അല്ലാത്തപക്ഷം അത് പഴയ സാമ്പത്തിക സമീപനങ്ങളുടെ ആവർത്തനമായി മാറുമെന്നും ജിന്റോ ജോൺ അഭിപ്രായപ്പെട്ടു. ഇത്തരം തീരുമാനങ്ങൾക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം. “ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന ജനാധിപത്യത്തിലെ മോശം സംസ്കാരവുമല്ല. ലക്ഷ്യങ്ങൾ നല്ലതാകാം, കാഴ്ചപ്പാടുകൾ മികച്ചതാകാം. എന്നാൽ അവ നടപ്പിലാക്കാനുള്ള വഴികളും ശരിയായിരിക്കണം. അല്ലാത്തപക്ഷം ഭൂതകാല വീഴ്ചകളുടെ ആവർത്തനമെന്ന തോന്നൽ ഉണ്ടാകാം,” എന്നാണ് അദ്ദേഹം കുറിച്ചത്.

You may also like