Home Kerala‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ

‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ

by news_desk1
0 comments

ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്.

റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം നെടുവക്കാട് സ്വദേശി നിതീഷ് (35) സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൃത്തായ പള്ളിപ്പാട് സ്വദേശി ജസ്റ്റിൻ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് പൊതികളെന്ന് ഇവർ പൊലീസിനോട് മൊഴി നൽകി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിതീഷിനെയും ജസ്റ്റിനെയും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസായതിനാൽ പിടിച്ചെടുത്ത പദാർഥം വനംവകുപ്പിന് കൈമാറി. തുടർനടപടികളും അന്വേഷണവും വനംവകുപ്പ് ഏറ്റെടുക്കും.

പള്ളിപ്പാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ പൊതികൾ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ച് വായു കടക്കാത്ത രീതിയിൽ അതീവ സുരക്ഷിതമായി പൊതിഞ്ഞ അഞ്ച് വലിയ പാക്കറ്റുകളിലായാണ് പദാർഥം സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തത് 44 കിലോഗ്രാം ഭാരമുള്ള ശേഖരമാണെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എന്നാൽ, ഇത് യഥാർഥ അംബർഗ്രിസ് തന്നെയാണോ എന്നത് കെമിക്കൽ ലാബ് പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. വീട്ടിലുണ്ടായിരുന്ന യുവതിക്ക് ഈ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പങ്കാളിത്തം തെളിഞ്ഞാൽ മാത്രമേ ഇവരെ കേസിൽ പ്രതിചേർക്കൂ.

ഒളിവിൽ പോയ നിതീഷിനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ആംസ് ആക്ട് പ്രകാരമുള്ള കേസും ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ച് ജന്മദിന ആഘോഷം നടത്തിയതുമായി ബന്ധപ്പെട്ട കേസും ഇയാളുടെ പേരിലുണ്ടെന്നാണ് വിവരം.

ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബു, എസ്.ഐ നൗഷാദ്, ഷാഡോ പൊലീസ് സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐ ഷിഹാബ്, പ്രൊബേഷൻ എസ്.ഐ ദേവരാജൻ, രേഖ, ഡാൻസാഫ് അംഗങ്ങൾ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന നിതീഷിനെയും ജസ്റ്റിനെയും പിടികൂടിയ ശേഷമേ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

You may also like