കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം മേൽപ്പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. അരയിടത്തുപാലം മേൽപ്പാതയിൽ രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പാലാഴി ഹിദായ ദർസിലെ വിദ്യാർത്ഥിയായ സാബിത്ത് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സാബിത്ത് മേൽപ്പാതയിൽ നിന്ന് താഴെയുള്ള അപ്രോച്ച് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീൽ ഉൾപ്പെടെ പരിക്കേറ്റ മറ്റ് യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

