Home Nationalബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ ആക്രമണം; റിട്ട. കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ ആക്രമണം; റിട്ട. കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

by news_desk1
0 comments

ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാക്കൾ ആക്രമണം നടത്തിയതായി പരാതി. ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പരാതി.

പരിക്കേറ്റയാളെ രക്ഷിക്കാനും പ്രതികളെ പിടികൂടാനുമായി എത്തിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കയ്യിൽ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും ഉപയോഗിച്ച് നടുറോഡിൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ലഹരിമരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം.

പ്രതികളുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തി. ഇത് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നടുറോഡിൽ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

You may also like