Home Nationalഅയോധ്യ സംഭാവന കൊള്ളക്കേസ്; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം, കോൺഗ്രസ് നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം ശക്തം

അയോധ്യ സംഭാവന കൊള്ളക്കേസ്; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം, കോൺഗ്രസ് നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം ശക്തം

by news_desk1
0 comments

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ സാഹചര്യത്തിൽ, ക്ഷേത്ര ട്രസ്റ്റിന്റെ പുനഃസംഘടന ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഭക്തരുടെ കാണിക്കപ്പണവും സംഭാവനകളും വൻതോതിൽ തട്ടിയെടുത്തതായി കണ്ടെത്തിയ കേസിലാണ് എസ്ഐടി റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്.

കേസ് സർക്കാരിനും ബിജെപിക്കും രാഷ്ട്രീയമായി വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ ഇടപെടലോടെ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, സംഭാവന കൊള്ളയിൽ പ്രതിഷേധിച്ച് അയോധ്യ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞതും അറസ്റ്റ് ചെയ്തതും വിവാദമായി. അയോധ്യയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ യോഗി ആദിത്യനാഥ് സർക്കാർ ഭയക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് അയോധ്യയിലെ പദം ശ്രീ പാലസ് ഹോട്ടലിൽ തടവിലാക്കിയതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ശ്രീരാമൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം സ്വത്തല്ലെന്നും, അയോധ്യയിലെ സംഭാവന കൊള്ളയിൽ പ്രതിഷേധിക്കുന്ന രാമഭക്തരെയാണ് സർക്കാർ ഭയപ്പെടുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജനാധിപത്യവിരുദ്ധ നടപടികളിലൂടെ കോൺഗ്രസിനെ തളർത്താനാവില്ലെന്നും അവർ വ്യക്തമാക്കി.

എംപിമാരായ കിശോരി ലാൽ ശർമ്മ, രാകേഷ് റാത്തോഡ് എന്നിവരും അജയ് റായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അയോധ്യയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

You may also like