തിരുവനന്തപുരം: കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി ഗിരിജ ഗോപാലിനെ നിയമിച്ചു.
സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തിരിച്ചടി നേരിടുന്നതാണ് മാറ്റത്തിന് കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം.
അതേസമയം, തന്നെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്ത് നിന്ന് മാറ്റാൻ വൈസ് ചാൻസിലർക്ക് അധികാരമില്ലെന്നും അതിനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും തോമസ് എബ്രഹാം വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വൈസ് ചാൻസിലർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇതിനിടെ, സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ തോമസ് എബ്രഹാമിനെ പിന്തുണയ്ക്കുന്നതായാണ് വിവരം. ഇതോടെ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ ശക്തമായിരിക്കുകയാണ്.

