Home KeralaMSC-അദാനി കരാർ: ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

MSC-അദാനി കരാർ: ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: എം.എസ്.സി.–അദാനി കരാറിന്റെ ഭാഗമായി ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതുസംബന്ധിച്ച അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഓഹരി കൈമാറ്റത്തെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മുന്നിൽ ഇതുവരെ ഫയൽ വന്നിട്ടില്ലെന്നും, ഫയൽ ലഭിച്ചാൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം തുറമുഖം മാത്രമല്ല, ബേപ്പൂർ തുറമുഖവും വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായാണ് അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിലുള്ള പുതിയ പങ്കാളിത്തം. എം.എസ്.സിയുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ 13,000 കോടി രൂപ നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കും. 27,000 കോടി രൂപ മൂല്യമുള്ള പദ്ധതിയിലൂടെ 2028 ഡിസംബറോടെ തുറമുഖത്തിന്റെ ചരക്കുകൈകാര്യം ചെയ്യാനുള്ള ശേഷി 57 ലക്ഷം ടി.ഇ.യുവായി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷം ടി.ഇ.യു ശേഷിയാണ് തുറമുഖത്തിനുള്ളത്.

ടി.ഐ.എൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100-ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടി.ഇ.യു ചരക്കുനീക്ക ശേഷിയും കമ്പനിക്കുണ്ട്. എം.എസ്.സിയുമായുള്ള ഈ പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം.എസ്.സിയും തമ്മിൽ നിലവിൽ സഹകരണമുണ്ട്.

You may also like