കാസർകോട്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയാണ് കാസർകോട് വെച്ച് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം അണങ്കൂരിൽ വെച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.
അണങ്കൂരിൽ വെച്ച് പോലീസ് സംഘം പതിവ് വാഹന പരിശോധനയുടെ ഭാഗമായി കൈകാണിച്ചെങ്കിലും ധന്യ ഓടിച്ചിരുന്ന കാർ നിർത്താൻ തയ്യാറായില്ല. പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ പാഞ്ഞുപോയ കാറിനെ തുടർന്ന് പോലീസ് സംഘം പിന്തുടരുകയായിരുന്നു. കിലോമീറ്ററുകളോളം പിന്തുടർന്ന പോലീസ് ഒടുവിൽ ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് കാർ തടഞ്ഞുനിർത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് താരം മദ്യപിച്ച നിലയിലായിരുന്നുവെന്ന് കണ്ടെത്തിയത്. അമിതവേഗതയിൽ വാഹനമോടിച്ചതിനും മദ്യപിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തതിനും ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

