തൃശൂർ: തൃശൂർ കോർപറേഷൻ മുൻ മേയർ എം. കെ. വർഗീസ് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2020ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടിരുന്ന അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിലേക്ക് തിരിച്ചെത്തി.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാജൻ പല്ലന് പരസ്യപിന്തുണ പ്രഖ്യാപിച്ച എം. കെ. വർഗീസ്, കോൺഗ്രസിലേക്ക് മടങ്ങാനുള്ള താൽപര്യം നേതൃത്വത്തെയും ജനങ്ങളെയും അറിയിച്ചിരുന്നു.
ശനിയാഴ്ച ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റും റവന്യൂ വകുപ്പ് മന്ത്രിയുമായ എ. പി. അനിൽകുമാർ, ഷാൾ അണിയിച്ച് എം. കെ. വർഗീസിനെ കോൺഗ്രസിലേക്ക് സ്വീകരിക്കുകയും അംഗത്വം നൽകുകയും ചെയ്തു.
ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി-ഡിസിസി ഭാരവാഹികൾ എന്നിവരും സന്നിഹിതരായിരുന്നു.

