Home Keralaവെള്ളറടയിൽ തമിഴ്‌നാട് ബസിന് നേരെ കല്ലേറ്; ബൈക്കിലെത്തിയ യുവാവ് മുൻവശത്തെ ചില്ല് തകർത്തു

വെള്ളറടയിൽ തമിഴ്‌നാട് ബസിന് നേരെ കല്ലേറ്; ബൈക്കിലെത്തിയ യുവാവ് മുൻവശത്തെ ചില്ല് തകർത്തു

by news_desk1
0 comments

തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ വെള്ളറടയിൽ ആക്രമണം. തമിഴ്‌നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ മുൻവശത്തെ ചില്ലിലേക്ക് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു.

ആക്രമണത്തിന് മുൻപ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബസിന് മുന്നിലേക്ക് യുവാവ് ബൈക്ക് വട്ടം ചാടിച്ചതിനെ ബസ് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ബസിനെ പിന്തുടർന്ന് എത്തി ചുടുകട്ട ഉപയോഗിച്ച് കല്ലെറിഞ്ഞത്.

ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. സംഭവസമയത്ത് ബസിൽ എട്ട് യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

മാർത്താണ്ഡത്ത് നിന്നും പനച്ചുമൂട്ടിലേക്ക് സർവീസ് നടത്തുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

You may also like