തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഗോഡൗണിൽ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് സംസ്ഥാനതല അന്വേഷണം ആരംഭിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
വയനാട് മെഡിക്കൽ കോളേജിലെ ഗോഡൗണിൽ പെട്ടി പോലും തുറക്കാത്ത നിലയിൽ കൂട്ടിയിട്ടിരുന്ന നിരവധി മെഡിക്കൽ ഉപകരണങ്ങളാണ് കണ്ടെത്തിയത്. ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഇവയിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച നിലയിലാണെന്നാണ് കണ്ടെത്തൽ. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകളും ഗോഡൗണിൽ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഒരു മൊബൈൽ മോർച്ചറി യൂണിറ്റിന് ഏകദേശം 20 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സന്ദർശിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച് സമഗ്രമായ ആഭ്യന്തര ഓഡിറ്റ് നടത്താൻ മന്ത്രി നിർദേശം നൽകി.
ആദ്യവും രണ്ടാമത്തെയും പിണറായി സർക്കാർ കാലയളവിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) മുഖേന വാങ്ങിയ ഉപകരണങ്ങളും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടും.
ആഭ്യന്തര ഓഡിറ്റിൽ ക്രമക്കേടുകളോ അഴിമതിയോ കണ്ടെത്തിയാൽ കേസ് വിജിലൻസിന് കൈമാറാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

