Home Keralaധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പ്; ആത്മഹത്യാശ്രമത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പ്; ആത്മഹത്യാശ്രമത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജൂൺ 30-നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജോലി ചെയ്തിരുന്ന സ്വർണ പണയ സ്ഥാപനത്തിൽ നിന്ന് ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവൻ സ്വർണം കൈമാറിയിരുന്നു. പണയം വെച്ച സ്വർണം തിരികെ എടുക്കാൻ ഉടമകൾ സ്ഥാപനത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.

അതേസമയം, ജീവനക്കാരിൽ നിന്ന് സ്വർണം കൈപ്പറ്റിയ സിന്ധു ഇതിനകം രാജ്യം വിട്ടിരുന്നു. അഞ്ജുവിൽ നിന്ന് 20 പവനും ഐശ്വര്യയിൽ നിന്ന് 50 പവൻ സ്വർണവുമാണ് സിന്ധു കൈക്കലാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തട്ടിപ്പ് പുറത്തറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിലായ ഐശ്വര്യയും അഞ്ജുവും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണത്തിന് സഹായകമായ നിരവധി തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ പേരും സിന്ധുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്ധു നേരത്തെയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

You may also like