കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ ആത്മരക്ഷാർത്ഥമാണ് തിരിച്ചുവെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം.
ചൊവ്വാഴ്ച പുലർച്ചെ കുറ്റകൃത്യം നടന്ന സൂര്യപൂർ ഹാട്ട് പ്രദേശത്ത് തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴാണ് സംഭവം. പൊലീസ് സംഘം പുലർച്ചെ 12.45ഓടെയാണ് സ്ഥലത്തെത്തിയത്. നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത പ്രഭാഷ് മണ്ഡൽ പൊലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതിയെ ബാരൂയിപൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂലൈ 4-നാണ് പെൺകുട്ടിയെ കാണാതായത്. പിറ്റേന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്ത് ശക്തമായ ജനരോഷവും അക്രമസംഭവങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.
റിപ്പോർട്ട് തേടി മുഖ്യമന്ത്രി
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. അക്രമങ്ങൾക്കിടെ കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് 72 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകി. കേസ് രജിസ്റ്റർ ചെയ്യുന്നതിലോ അന്വേഷണത്തിലോ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിച്ച 200-ഓളം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരപരാധിയായ യുവാവിനെ തല്ലിക്കൊന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അറിയിച്ചു. സൂര്യപൂരിൽ പുതിയ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.
കേസിന്റെ അന്വേഷണം നിലവിൽ ആറംഗ പ്രത്യേക അന്വേഷണ സംഘമാണ് നടത്തുന്നത്.

