കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന കോറോ ഹെൽത്തിന് ഹൈക്കോടതിയുടെ തിരിച്ചടി. 800 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്ന വിഷയത്തിൽ സർക്കാർ ഇടപെടാൻ ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ കമ്പനി പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തൊഴിൽ വകുപ്പ് ഇടപെടലിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട്, ഇത്രയും പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കാൻ തൊഴിൽ വകുപ്പിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്.
എന്നാൽ, സർക്കാർ നടത്തുന്ന നടപടി സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും, അതിന്റെ ഭാഗമായി കമ്പനി ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കമ്പനി കടുംപിടുത്തം തുടരുകയാണ്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
പത്താം തീയതി വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, പിന്നീട് ആ ധാരണയിൽ നിന്ന് കമ്പനി പിന്മാറിയതായി ആരോപണമുണ്ട്.
കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന 800-ലധികം ജീവനക്കാരെയാണ് യാതൊരു മുൻകൂട്ടി അറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി പെട്ടെന്ന് ജോലിയിൽ നിന്ന് ഒഴിവാക്കിയത്.

