Home Keralaകാപ്പാ തടവുകാരനായ ആർ. സുഗതന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ; ഹൈക്കോടതിയെ നിലപാട് അറിയിച്ച് സർക്കാർ

കാപ്പാ തടവുകാരനായ ആർ. സുഗതന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ; ഹൈക്കോടതിയെ നിലപാട് അറിയിച്ച് സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം നൽകാനാവില്ലെന്നും, എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നുമാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ നിയമപരമായ തടസ്സമില്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താനാകുമോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാറിനോട് ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കാപ്പാ തടവിൽ നിന്ന് താൽക്കാലിക മോചനം അനുവദിക്കണമെന്ന സുഗതന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കാപ്പാ തടവിൽ നിന്ന് സുഗതനെ മോചിപ്പിക്കാൻ നിയമപരമായി സാധിക്കില്ലെന്നാണ് സർക്കാർ നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.

ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരിൽ ഒരാളാണ് വാർഡ് 20-ലെ കൗൺസിലറായ ആർ. സുഗതൻ.

ഇതിനിടെ രണ്ട് കേസുകളിൽ നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് മോചിതനായാൽ മാത്രമേ ആ ജാമ്യം പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജയിൽ മോചനം ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

You may also like