പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ട് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിനാണ് ശശി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാധവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രതി ശശിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനോട് അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

