Home Localഷഹനയുടെ മരണം: മതംമാറി വിവാഹം ചെയ്യാൻ സമ്മർദം, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകൻ അറസ്റ്റിൽ

ഷഹനയുടെ മരണം: മതംമാറി വിവാഹം ചെയ്യാൻ സമ്മർദം, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകൻ അറസ്റ്റിൽ

by news_desk1
0 comments

അടൂർ: മതംമാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺകുമാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്ന ഇയാൾ, അവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

പത്തനംതിട്ട അടൂരിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനായ ഏഴംകുളം സ്വദേശി അരുൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കുന്നതിന് മുൻപ് ഷഹനയെ അരുൺ മർദിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷഹനയെ വിവാഹം കഴിക്കണമെന്നും അതിനായി മതംമാറണമെന്നും അരുൺകുമാർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. അരുണിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു. ഇതോടെ തന്നെ ഒഴിവാക്കുന്നതിലുള്ള വൈരാഗ്യത്തിൽ ഇയാൾ ഷഹനയെ നിരന്തരം ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ വീട്ടിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം ആദ്യം കൊലപാതകമാണെന്ന് ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് വ്യക്തമായി. സംഭവസ്ഥലത്തുനിന്നുതന്നെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഷഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുൺ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. തുടർന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹന. തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ വീട്ടിലെത്തിയത്. വീട്ടിൽനിന്ന് ബഹളം കേട്ടതായി നാട്ടുകാർ വാർഡ് കൗൺസിലറെ അറിയിച്ചിരുന്നു. നാട്ടുകാർ സ്ഥലത്തെത്തുമ്പോഴും അരുൺ അവിടെയുണ്ടായിരുന്നു. തുടർന്ന് സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലാണ് ഷഹനയെ കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ ഷഹനയും അരുൺകുമാറും തമ്മിൽ നേരത്തേ മുതൽ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. മതംമാറി വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തിങ്കളാഴ്ച വൈകിട്ട് ഉണ്ടായത്. മറ്റ് മാർഗമില്ലാതെ അരുൺ വീട്ടിലുണ്ടായിരിക്കെ ഷഹന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

You may also like