തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അന്നം മുടക്കുകയല്ല സർക്കാർ ചെയ്തതെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സ്ഥലം കയ്യേറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിൽ സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാനുള്ള തീരുമാനം ആശുപത്രി വികസന സമിതിയുടേതാണെന്നും, നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മറ്റ് ആശുപത്രികളിൽ ഇതുസംബന്ധിച്ച് ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ലാബ് പ്രവർത്തനം തടസ്സപ്പെടുത്തിയ സംഭവമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. ലാബിനെതിരെ നടപടി സ്വീകരിച്ചതിനോടുള്ള പ്രതിഷേധമാണ് ഉയർന്നതെന്നും, വിഷയത്തിന് പൊതിച്ചോർ വിതരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് സർക്കാർ യാതൊരു തടസവും സൃഷ്ടിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചൂരൽമലയിൽ ഭക്ഷണ വിതരണം ആരാണ് തടഞ്ഞതെന്ന് ചോദിച്ച മന്ത്രി, താൻ അപമാനകരമായ പ്രയോഗങ്ങൾ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഡിവൈഎഫ്ഐക്കും കെ. സുരേന്ദ്രനും ഒരേ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ സേവാഭാരതിയും ഡിവൈഎഫ്ഐയും ഒരുമിച്ചാണ് പ്രതിഷേധിച്ചതെന്നും മന്ത്രി ആരോപിച്ചു.
വിവാദം ശക്തമായതിനെ തുടർന്ന് മന്ത്രി കഴിഞ്ഞ ദിവസം തന്നെ തന്റെ നിലപാട് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് സർക്കാർ എതിരല്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയ്യേറിയതായും, ഇത് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനായാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതെന്നും, ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും, പാവപ്പെട്ടവർക്ക് ഭക്ഷണം ലഭിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, അത് ആരാണ് നൽകുന്നത് എന്നത് വിഷയമല്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
