Home Kerala‘സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരത’; കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ വി.എം. സുധീരന്റെ വിമർശനം

‘സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരത’; കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ വി.എം. സുധീരന്റെ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ ബലമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഡൽഹിയിൽ അരങ്ങേറിയതെന്നും, ജനപ്രതിനിധികൾക്കെതിരെ സ്വീകരിച്ച നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ സാമാന്യ മര്യാദ പോലും പാലിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും, ഈ ഫാസിസ്റ്റ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും വി.എം. സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.

ജനവിരുദ്ധ നടപടികളിലൂടെ സർവകാല റെക്കോർഡ് സ്ഥാപിച്ച മോദി ഭരണകൂടത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് ഇത്തരം സംഭവങ്ങൾ കുറിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുത്തത്. പിടിവലിക്കിടെ രാഹുൽ ഗാന്ധി നിലത്തുവീഴുകയും അദ്ദേഹത്തിന്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. “ഇതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്നാണ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധി പ്രതികരിച്ചത്.

കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പ്രിയങ്കാ ഗാന്ധിയെയും ബലമായി മാറ്റി.

നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രധാനമന്ത്രി പാർലമെന്റിൽ വിഷയത്തിൽ പ്രതികരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അന്വേഷണം നടത്തുക, പാർലമെന്റ് നിർത്തിവെച്ച് വിഷയത്തിൽ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളാണ് കോൺഗ്രസ് പ്രതിഷേധത്തിലൂടെ ഉന്നയിച്ചത്.

You may also like