വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വ്യക്തമാക്കി. സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിലാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഈ കണക്കുകൾ പുറത്തുവിട്ടത്.
സെപ്റ്റംബർ 30-ന് അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷം വരെ പ്രതീക്ഷിക്കുന്ന മുഴുവൻ ചെലവുകളും ഉൾപ്പെടുത്തിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 8 ബില്യൺ ഡോളറിന്റെ അധിക ചെലവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സൈനിക ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യുദ്ധത്തിനായി കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ പരിശീലന പരിപാടികൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം മറികടക്കുന്നതിനായി 67 ബില്യൺ ഡോളറിലധികം വരുന്ന അനുബന്ധ ബജറ്റ് വിഹിതം അടിയന്തരമായി അനുവദിക്കണമെന്ന് പെന്റഗൺ യു.എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസമാദ്യം ഇറാനെതിരായ വ്യോമാക്രമണങ്ങൾ വീണ്ടും ആരംഭിച്ചതിന് ശേഷമാണ് പ്രതിരോധ ചെലവുകളെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകൾ ആദ്യമായി പുറത്തുവിടുന്നത്.
അമേരിക്കൻ ജനപ്രതിനിധി സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുദ്ധച്ചെലവും അതിനായി ചെലവഴിക്കുന്ന കോടിക്കണക്കിന് ഡോളറുകളും രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. മുൻനിര ഡെമോക്രാറ്റിക് നേതാക്കൾ ഉൾപ്പെടെ ഭരണകൂടത്തിന്റെ നിലപാടിനെ ശക്തമായി വിമർശിക്കുകയും യുദ്ധം ദീർഘിക്കുകയാണെങ്കിൽ ചെലവ് ഇനിയും വൻതോതിൽ ഉയരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
യുദ്ധച്ചെലവിനായുള്ള അധിക ബജറ്റ് ആവശ്യത്തിൽ കോൺഗ്രസിൽ കടുത്ത ചർച്ചകൾ നടക്കാനാണ് സാധ്യത. പ്രതിരോധ ചെലവുകൾ, സൈനിക നടപടികളുടെ വ്യാപ്തി, സാമ്പത്തിക ബാധ്യത എന്നിവയെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
