തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പേഴ്സണൽ സെക്രട്ടറിയെ നിയമിക്കാനാകാതെ പ്രതിസന്ധി തുടരുന്നു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദേശിച്ച ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് നിയമനം വൈകാൻ കാരണമെന്നാണ് വിവരം. ഇതോടെ പേഴ്സണൽ സെക്രട്ടറി നിയമനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പേഴ്സണൽ സെക്രട്ടറിയായി നിയമിക്കാൻ മേയ് അവസാന വാരത്തിൽ തന്നെ മന്ത്രി ശുപാർശ നൽകിയിരുന്നു. ഇ-ഓഫീസ് വഴിയാണ് ശുപാർശ കൈമാറിയത്. കെ.സി വേണുഗോപാൽ എം.എൽ.എയായിരുന്ന കാലത്ത് പി.എയായും ടൂറിസം മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശിയാണ് ശരത് ചന്ദ്രൻ. എന്നാൽ ഈ ശുപാർശയിൽ മുഖ്യമന്ത്രി ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
പേഴ്സണൽ സെക്രട്ടറിയുടെ നിയമനം വൈകിയതോടെ ബിന്ദു കൃഷ്ണയുടെ ഓഫീസിലെ മറ്റ് ജീവനക്കാരുടെ നിയമനവും അനിശ്ചിതത്വത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവരിൽ ആറുപേരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പേഴ്സണൽ സെക്രട്ടറിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം, മറ്റൊരു മന്ത്രിയായ എം. ലിജുവിനും ഇതുവരെ പേഴ്സണൽ സെക്രട്ടറിയെ നിയമിക്കാനായിട്ടില്ല. എക്സൈസ്, സഹകരണം എന്നീ രണ്ട് പ്രധാന വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രാപ്തനായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
മന്ത്രി ഒ.ജെ. ജനീഷ്, എ.പി. അനിൽകുമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് നിയമന ഉത്തരവുകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ജോലിയിൽ പ്രവേശിച്ച ചില പേഴ്സണൽ സ്റ്റാഫുകളുടെ പേരുകൾ ബന്ധപ്പെട്ട മന്ത്രിമാർ ഔദ്യോഗികമായി ശുപാർശ ചെയ്യാത്തതിനാൽ അവരുടെ നിയമന ഉത്തരവുകളും വൈകുകയാണ്.
