Home Keralaസുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ; ഒന്നര വർഷമായിട്ടും മൾട്ടി സ്പെഷ്യാലിറ്റി ലാബ് യാഥാർഥ്യമായില്ല

സുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ; ഒന്നര വർഷമായിട്ടും മൾട്ടി സ്പെഷ്യാലിറ്റി ലാബ് യാഥാർഥ്യമായില്ല

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂർ എംപിയായി ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി ഒന്നര വർഷം പിന്നിട്ടിട്ടും യാഥാർഥ്യമായില്ല. എംപി ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കോർപ്പറേഷൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന വിമർശനം ഉയരുകയാണ്.

2025 ഫെബ്രുവരി രണ്ടിനാണ് സുരേഷ് ഗോപി തൃശ്ശൂരിൽ എംപി ഓഫീസ് തുറന്നത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോർപ്പറേഷന്റെ കീഴിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ സഹകരണത്തോടെ അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി സ്ഥാപിക്കുന്നത്. ഇതിനായി 33 ലക്ഷം രൂപയുടെ എംപി ഫണ്ടും അനുവദിച്ചിരുന്നു.

പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആധുനിക ലബോറട്ടറി ഇല്ലാത്ത സാഹചര്യത്തിലും പദ്ധതി മുന്നോട്ടുപോയില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയും പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് ഭരണസമിതിയും പദ്ധതി നടപ്പാക്കുന്നതിൽ ആവശ്യമായ താൽപര്യം കാണിച്ചില്ലെന്നാണ് ആരോപണം.

എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് യുഡിഎഫ് നേതൃത്വം നൽകിയ കോർപ്പറേഷൻ വിശദീകരിച്ചത്. സർക്കാർ മാറിയതിന് ശേഷം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ആശയക്കുഴപ്പമാണെന്നാണ് മേയറുടെ വിശദീകരണം.

ഇതിനിടെ ആശുപത്രിയിൽ ലബോറട്ടറി സ്ഥാപിക്കുന്നതിനായി കെ.എച്ച്.ആർ.ഡബ്ല്യു.എസ് (KHRWS) മറ്റൊരു പദ്ധതി മുന്നോട്ടുവച്ചതോടെ ഏത് പദ്ധതി നടപ്പാക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ലാതായതും ഫയലുകൾ നീങ്ങാതിരിക്കാൻ കാരണമായെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.

രാഷ്ട്രീയ കാരണങ്ങളാൽ കോർപ്പറേഷൻ പദ്ധതി മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, വിവാദങ്ങളും പരസ്പര ആരോപണങ്ങളും തുടരുന്നതിനിടെ പദ്ധതി ഫയലുകളിൽ തന്നെ കുടുങ്ങിക്കിടക്കുമ്പോൾ, ജനറൽ ആശുപത്രിയിലെ സാധാരണ രോഗികൾ പരിശോധനകൾക്കായി വലിയ തുക ചെലവഴിച്ച് സ്വകാര്യ ലബോറട്ടറികളെ ആശ്രയിക്കേണ്ട അവസ്ഥ തുടരുകയാണ്.

You may also like