Home Keralaപ്രിയദർശിനിക്ക് പിന്നാലെ കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’; സ്ത്രീകൾക്കായി പ്രത്യേക രാത്രികാല സർവീസ് ആരംഭിക്കുന്നു

പ്രിയദർശിനിക്ക് പിന്നാലെ കെഎസ്ആർടിസിയുടെ ‘പിങ്ക് ബസ്’; സ്ത്രീകൾക്കായി പ്രത്യേക രാത്രികാല സർവീസ് ആരംഭിക്കുന്നു

by news_desk1
0 comments

തിരുവനന്തപുരം: സ്ത്രീകൾക്കായി പ്രത്യേക രാത്രികാല ‘പിങ്ക് ബസ്’ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. കേരളത്തിലെ പ്രധാന റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് സർവീസ് ആരംഭിക്കുന്നത്.

പിങ്ക് ബസുകളിൽ യാത്ര സൗജന്യമായിരിക്കില്ല. വൈകിട്ട് 6 മണി മുതൽ രാത്രി 10.45 വരെ സർവീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസി പുതിയ സംരംഭവുമായി എത്തുന്നത്.

ടെക്‌നോപാർക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടന നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം–ടെക്‌നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്.

കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴിയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യവും ലഭ്യമാകും. ഭാവിയിൽ ഇലക്ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യം. ഇതിനായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് ഏറ്റവും നവീനമായ ‘ലിങ്ക് ഫാസ്റ്റ് പാസഞ്ചർ’ ബസുകൾ അനുവദിച്ചതായും കെഎസ്ആർടിസി അറിയിച്ചു.

അതേസമയം, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യ യാത്ര ലഭ്യമാകുന്നത്.

പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇതുവരെ 1.87 കോടി സ്ത്രീകൾ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നാണ്. നിലവിൽ 3,125 ഓർഡിനറി ബസുകൾ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നു. പ്രിയദർശിനി പദ്ധതിമൂലം ഏകദേശം 60 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിരുന്നു.

You may also like