ന്യൂഡൽഹി: സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി). സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് പാർട്ടി ഈ അഭ്യർഥന മുന്നോട്ടുവെച്ചത്. വാങ്ചുക്കിന്റെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായെന്നും ഇനി ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും സിജെപി വ്യക്തമാക്കി.
ജൂലൈ 20-ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നുവെന്നും, ഏതൊരു വ്യക്തിയേക്കാളും പ്രധാനപ്പെട്ടത് വിദ്യാർഥികൾക്ക് ലഭിക്കേണ്ട നീതിയാണെന്ന് വാങ്ചുക്ക് തെളിയിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
നിരാഹാരം അവസാനിപ്പിച്ചാലും സമരം അവസാനിക്കില്ലെന്ന് സിജെപി ഉറപ്പ് നൽകി. പരീക്ഷാ നടത്തിപ്പിലെ നീതിക്കായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ പ്രതിഷേധം തുടരുമെന്നും പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം, നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് മുന്നിൽ രണ്ട് പ്രധാന ഉപാധികളാണ് സോനം വാങ്ചുക്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റിൽ സുതാര്യമായ ചർച്ച അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉടൻ നിരാഹാരം അവസാനിപ്പിക്കുമെന്ന് വാങ്ചുക്ക് അറിയിച്ചു. സർക്കാർ ഉറപ്പ് നൽകിയാൽ വിദ്യാർഥികളോട് താൽക്കാലികമായി സമരം നിർത്തി ചർച്ചയിൽ പങ്കെടുക്കാൻ അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യങ്ങൾ ഉൾപ്പെടുത്തിയ കത്ത് കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയ്ക്കും ജിതേന്ദ്ര സിങ്ങിനും അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സിജെപിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. വിദ്യാർഥി നേതാക്കൾ പാർലമെന്റ് അംഗങ്ങളെ കാണുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് സോനം വാങ്ചുക്ക് നേരത്തേ അറിയിച്ചിരുന്നു. പ്രതിഷേധത്തിന് ഇൻഡ്യ സഖ്യവും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
