Home Nationalസിജെപി പ്രതിഷേധത്തിനിടെ യുവതിയെ മർദിച്ച സംഭവം; ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് നീക്കി

സിജെപി പ്രതിഷേധത്തിനിടെ യുവതിയെ മർദിച്ച സംഭവം; ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് നീക്കി

by news_desk1
0 comments

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. ഉദ്യോഗസ്ഥനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് മുൻ എംപി സാകേത് ഗോഖലെ പൊലീസിനെ സമീപിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ശക്തമായ വിമർശനമാണ് ഉയർന്നത്.

അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി സാകേത് ഗോഖലെ അറിയിച്ചു. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന സർക്കാർ നിലപാടിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.എൻ.എസ്. നിയമത്തിലെ 74, 115, 131, 198 എന്നീ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം, ജന്തർ മന്തറിൽ ബുധനാഴ്ച രാത്രിയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ എസിപിമാരുൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കുകയും ഇന്റർനെറ്റ് ജാമറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു.

You may also like