തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും അറസ്റ്റ് ചെയ്തു. എസ്.പി ശശിധരന്റെ സാന്നിധ്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
പി.എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെയാണ് എ. അജികുമാറിനെ വിളിച്ചുവരുത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സ്വകാര്യ വാഹനത്തിലാണ് അജികുമാർ പൊലീസ് ക്ലബിലെത്തിയത്. അഭിഭാഷകനും സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
എസ്.പി ശശിധരന്റെ നേതൃത്വത്തിൽ പി.എസ് പ്രശാന്തിനെയും എ. അജികുമാറിനെയും ഒരുമിച്ചിരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇരുവരെയും കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.
ഇന്ന് രാവിലെ വീട്ടിലെത്തിയാണ് എസ്.ഐ.ടി സംഘം പി.എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക വിഗ്രഹങ്ങളുടെ പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ് പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്, 2019-ൽ നടന്നതായി ആരോപിക്കുന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികളും ഫയൽ നടപടികളും കൈകാര്യം ചെയ്തതിൽ അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്തിനും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി എസ്.ഐ.ടിക്ക് അനുമതി നൽകിയത്.
അതേസമയം, യാതൊരു ഗൂഢാലോചനയിലും താൻ പങ്കെടുത്തിട്ടില്ലെന്നാണ് പി.എസ് പ്രശാന്തിന്റെ നിലപാട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണിൽ സംസാരിച്ചതും. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
