തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കായി പലിശരഹിത വായ്പാ പദ്ധതിയുമായി സർക്കാർ. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ‘പ്രിയദർശിനി വായ്പ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വാർത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും.
പിന്നാക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ തല സംരംഭങ്ങൾ ആരംഭിക്കാനുമാണ് പലിശരഹിത വായ്പ ലഭ്യമാക്കുക. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും.
വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന ‘സമഗ്ര 2026’ പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
ഈ പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം നൽകും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപന ചെയ്ത പുതിയ ക്ഷേമ വായ്പാ പദ്ധതികളും പ്രഖ്യാപിക്കും.
പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ മാസത്തിൽ പാലക്കാട് നടക്കും.
