Home Internationalഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ തീരുവ പ്രഹരം; 10 മുതൽ 12.5% വരെ അധിക ഇറക്കുമതി നികുതി

ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ തീരുവ പ്രഹരം; 10 മുതൽ 12.5% വരെ അധിക ഇറക്കുമതി നികുതി

by news_desk1
0 comments

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് വീണ്ടും അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്കാണ് പുതിയ കസ്റ്റംസ് തീരുവ ബാധകമാകുക. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവരെയും ഇറക്കുമതി തീരുവ ഈടാക്കും.

ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിർദേശിച്ചിരുന്നെങ്കിലും തൊഴിൽ നിയമങ്ങളിലെ ഭേദഗതികളും പ്രതിരോധ നടപടികളും സംബന്ധിച്ച് ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ അത് 10 ശതമാനമായി കുറച്ചതായി അമേരിക്കൻ ഭരണകൂടം അറിയിച്ചു.

പുതിയ തീരുവ വെള്ളിയാഴ്ച പുലർച്ചെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പുറമെ യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനം തീരുവ ബാധകമാകും. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവ ഈടാക്കും.

1974-ലെ യു.എസ്. ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്ന് യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ജാമീസൺ ഗ്രീർ പുതിയ തീരുവ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച തീരുവകൾ യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ നിയമനടപടി സ്വീകരിച്ചത്.

എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി വ്യവസ്ഥകൾ പാലിക്കുന്നതിന് വ്യാപാരികൾക്ക് സമയം അനുവദിക്കുന്നതിനായി താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ, പരസ്പര വ്യാപാര കരാറിലൂടെ അതിന് തയ്യാറാകുകയോ, അല്ലെങ്കിൽ ഭാഗിക നിരോധനം ഏർപ്പെടുത്തുകയോ ചെയ്ത രാജ്യങ്ങൾക്കാണ് 10 ശതമാനം നിരക്ക് ബാധകമാകുന്നതെന്ന് യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് വ്യക്തമാക്കി.

അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, പാകിസ്ഥാൻ, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുകെ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ.

You may also like