Home Keralaകേരള സർവകലാശാല ചോദ്യപേപ്പർ വിവാദം; ഹിസ്റ്ററി വിഭാഗം ഡീനിന് വീഴ്ചയെന്ന് പ്രാഥമിക നിഗമനം, റിപ്പോർട്ടിന് പിന്നാലെ നടപടി

കേരള സർവകലാശാല ചോദ്യപേപ്പർ വിവാദം; ഹിസ്റ്ററി വിഭാഗം ഡീനിന് വീഴ്ചയെന്ന് പ്രാഥമിക നിഗമനം, റിപ്പോർട്ടിന് പിന്നാലെ നടപടി

by news_desk1
0 comments

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് വിവരം. വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ലഭിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറുകളിലായിരുന്നു പിഴവ്. കാര്യവട്ടം ക്യാമ്പസിലായിരുന്നു പരീക്ഷ നടന്നത്.

മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ചാണ് നൽകിയതെന്നാണ് കണ്ടെത്തൽ. കൂടാതെ നാല് ചോദ്യങ്ങളിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യപേപ്പർ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.

കേരള സർവകലാശാലയിൽ തുടർച്ചയായി ചോദ്യപേപ്പറുകളിൽ പിഴവുകൾ കണ്ടെത്തുന്നത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. പരീക്ഷാ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിൽ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

ഔദ്യോഗിക പരാതി ലഭിച്ചില്ലെങ്കിലും ചോദ്യപേപ്പറുകൾ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാനാണ് സർവകലാശാലയുടെ നീക്കം.

നേരത്തെ സർവകലാശാല നടത്തിയ ബി.എസ്.സി. രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലും സമാനമായ പിഴവ് കണ്ടെത്തിയിരുന്നു. അഞ്ചാം ചോദ്യത്തിനൊപ്പം അതിന്റെ ഉത്തരവും അച്ചടിച്ച് വന്നതായിരുന്നു അന്നത്തെ വീഴ്ച. സംഭവത്തിൽ പരീക്ഷാ കൺട്രോളർ വിശദീകരണം തേടുകയും ബോർഡ് ഓഫ് എക്സാമിനേഷനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

You may also like