തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം.ആർ. അജിത് കുമാറിനെതിരെ നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി വിവരം. കേസ് റഫർ ചെയ്യാൻ അന്വേഷണ സംഘത്തിന് നൽകിയ നിർദേശമാണ് പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.
കേസ് റഫർ ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതായുള്ള സന്ദേശവും അന്വേഷണത്തിൽ നിർണായകമായി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും അജിത് കുമാറിനെതിരായ കണ്ടെത്തലുകൾക്ക് കരുത്തേകുന്നതാണ്. കേസ് റഫർ ചെയ്യാൻ എം.ആർ. അജിത് കുമാർ നിരന്തരം സമ്മർദം ചെലുത്തിയതായി എസ്.ഐ.ടി.യ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. മൂന്ന് ഡിവൈ.എസ്.പി.മാരെ ഡിജിപി സസ്‌പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. ഇവർക്കെതിരായ നടപടിക്ക് ആഭ്യന്തരമന്ത്രി ശുപാർശ നൽകിയിട്ടുണ്ട്. രണ്ട് ഗ്രേഡ് എസ്.ഐ.മാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ആർ. അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. കേസ് അട്ടിമറിച്ചതിൽ ഇടപെടൽ വ്യക്തമായതിനെ തുടർന്നാണ് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.
സസ്‌പെൻഷനോടെ എം.ആർ. അജിത് കുമാറിന്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റവും തടസപ്പെടും. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്.ഐ.ടി. റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.
ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് തിരുത്തുകയും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്നും മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി എസ്.ഐ.ടി. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, എം.ആർ. അജിത് കുമാറിനെതിരെ മന്ത്രി കെ. മുരളീധരനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എം.ആർ. അജിത് കുമാർ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും, തിരഞ്ഞെടുപ്പ് കാലത്ത് തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
