Home Kerala‘തെരഞ്ഞെടുപ്പ് വേണം’; ശ്വേതാ മേനോനെതിരെ വനിതാ താരങ്ങളുടെ പോൾ, വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

‘തെരഞ്ഞെടുപ്പ് വേണം’; ശ്വേതാ മേനോനെതിരെ വനിതാ താരങ്ങളുടെ പോൾ, വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

by news_desk1
0 comments

കൊച്ചി: നടിയും അമ്മ സംഘടനാ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ താരസംഘടനയിൽ ഭിന്നത രൂക്ഷമാകുന്നു. “തെരഞ്ഞെടുപ്പ് വേണോ, ശ്വേതാ മേനോൻ തുടരണോ?” എന്ന ചോദ്യവുമായി വനിതാ താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോൾ സംഘടിപ്പിച്ചു. അമ്മയുടെ ‘പെൺമക്കൾ’ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അഭിപ്രായ രൂപീകരണത്തിനായുള്ള പോൾ നടന്നത്. ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്.

പോളിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്. 32 പേർ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, നിലവിലെ ശ്വേതാ മേനോൻ നേതൃത്വത്തിലുള്ള സമിതി തുടരണമെന്ന് ഒരാൾ പോലും വോട്ട് ചെയ്തില്ല. ഇതിനുമുമ്പ് ശ്വേതാ മേനോനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.

വിവാദങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താൻ സംഘടനയിൽ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മയുടെ നേതൃത്വത്തിലേക്ക് വരില്ലെന്നും, കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻനിർത്തി തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നവർക്കെതിരായ തന്റെ നിലപാട് പുതിയത് അല്ലെന്നും, ഇരകൾക്കൊപ്പമാണ് എല്ലായ്പ്പോഴും നിന്നതെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. അത് മാധ്യമശ്രദ്ധയ്ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സംഘടനയിലെ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ മറുപടി നൽകുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും ശ്വേത ആരോപിച്ചു.

ഇതിനിടെ ശ്വേതാ മേനോന്റെ പരാമർശത്തിനെതിരെ നടി മാലാ പാർവതിയും രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും അതേസമയം അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുന്നതുമായ ആ “കുറ്റാരോപിതർ” ആരൊക്കെയാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കണമെന്നാണ് മാലാ പാർവതി ആവശ്യപ്പെട്ടത്.

You may also like